അനാഥ വീടുകളുടെ ഒരു കോളനി - Shades of Octaves

Wednesday, December 21, 2022

അനാഥ വീടുകളുടെ ഒരു കോളനി

 കേരളം അനാഥ വീടുകളുടെ ഒരു കോളനി ആയി തീരും എന്ന് കുറച്ചു നാല് മുൻപ് ഒരുവൻ പറയുക ഉണ്ടായി. അത് സത്യം തന്നെ ആണെന്ന് തോന്നുന്നു.

ഒരു മകനും മൂന്നു പെണ്മക്കളുമുള്ള ഒരമ്മയെ ഇന്ന് കണ്ടു. കുറെ വര്ഷങ്ങള്ക്കു മുൻപ് കുടിയേറി പാർത്തവരാണെന്നു തോന്നുന്നു. വീട്ടിൽ പശുക്കളും ആടുകളും കുറെ ഉണ്ടായിരുന്നത്രെ. നാല് മക്കളെയും പഠിപ്പിച്ചു നല്ല  നിലയിലാക്കി. പാൽ സോസയിറ്റിയിൽ കൊടുത്തു അതിൻെറ പ്രവർത്തനങ്ങളൊക്കെ ആയി ആണ് അവർ ജീവിച്ചു പോന്നിരുന്നത്. കെട്ടിയോൻ പ്രസിഡന്റ് ആയിരുന്നു അവിടുത്തെ സോസയിറ്റിയിൽ. അധ്വാനികളായിരുന്നു എന്നാണു സാരം. മക്കളെ ഒക്കെ ഇതിൽ നിന്നും കിട്ടുന്ന വരുമാനം വെച്ച് തന്നെ ആണ് അവർ മക്കളെ ഉയർന്ന രീതിയിൽ വളർത്തുകയും കെട്ടിച്ചു വിടുകയും ചെയ്തത്. 


 

നാല് മക്കൾ വിദേശത്തു ജോലിയും ആയി പങ്കാളികളും ആയി താമസമാക്കി. ഒന്നിനും മുട്ടില്ല. പണ്ടേ അഭിമാനികളായിരുന്ന അവർ മക്കളുടെ മുന്നിൽ കൈ നീട്ടുവാൻ പാടില്ലാത്തതു കൊണ്ട് ഈ ജോലി തന്നെ ഇപ്പോഴും തുടർന്ന് പോരുന്നു. മക്കളുടെ സ്റ്റാറ്റസിന് അത് പോരാ ....അവർ പൈസ തരാത്തത് കൊണ്ടാണ് അവർ ഇങ്ങനെ കഷ്ടപ്പെടുന്നത് എന്ന് നാട്ടുകാർ പറയില്ലേ...ലതാണ് കാര്യം.

തങ്ങളെ കഷ്ടപ്പെട്ട് വളർത്തി വലുതാക്കിയ അമ്മയ്ക്കും അച്ഛനും വേണ്ടി അവർ ഒരിടം വാങ്ങി വീട് വെച്ചു.. എന്നിട്ടു കാലു പിടിച്ചു ഒരു പശുവിനെ നിർത്തി ബാക്കി എല്ലാതിനെയും വിറ്റു. അവിടെ ഒരു വീട് വെറുതെ കിടക്കുന്നു. എല്ലാം നിർത്തി അവിടെ പോയി നിന്നൂടെ എന്ന് ......

കൊറോണകാലത്തു കെട്ടിയോൻ മക്കൾ വാങ്ങി കൊടുത്ത മൊബൈലിൽ തോണ്ടി കളിചോണ്ടിരുന്ന് ഇപ്പോൾ കൊളെസ്ട്രോളും ബിപിയും ഉണ്ട് പോലും.വിശ്രമ ജീവിതത്തിന്റെ മറ്റൊരു ബാക്കി പത്രം.


ഇത്രെയും നാൾ ഇഷ്ടപ്പെട്ടു ചെയ്തിരുന്ന പണിയും നിർത്തി. സ്നേഹിച്ചു പൊറ്റിക്കൊണ്ടിരുന്ന കാലികളെ വിൽക്കാനും അവർ നിർബന്ധിതരായി. എന്നിട്ടോ ആരും അറിയാത്ത പുതിയ സ്ഥലത്തു ഒരു ജോലിയും ചെയ്യാതെ വിശ്രമ ജീവിതം നയിക്കാൻ മകൻ അവസരം ഒരുക്കി തരുന്നു.പക്ഷെ അവർ അങ്ങ് അമേരിക്കയിൽ ആയിരിക്കും. വർഷത്തിൽ ഒരിക്കൽ മാത്രം കാണാനും വരും.

ഇത്രയും പറഞ്ഞു തീർത്തപ്പോൾ ആ അമ്മയുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു. മകനോടുള്ള വാത്സല്യവും നിസ്സഹായാവസ്ഥയും അതിൽ ഞാൻ കണ്ടു.കേരളം ഇപ്പോൾ ഇങ്ങനെ ആണ്.

No comments: